Monday, July 30, 2018



                             #ജവഹർ_ഇരിങ്ങൽ

"റയിൽപാളത്തിലിരുന്നു കളി കാണുന്ന കാണികളുടെ ശ്രദ്ധക്ക്‌,
#വണ്ടി 
വരുന്നുണ്ട്‌, ദയവായി പാളത്തിൽ നിന്നും താഴെ ഇറങ്ങുക”

#പാരഡൈസ്‌_വടകര#യുവശക്തി_നരിപ്പറ്റ#ജൂപിറ്റർ_മണിയൂർ #ഐക്യകേരള_മുടപ്പിലാവിൽ#എം_എൽ_ആർ_സി_പരവന്തല#ബ്രദേഴ്സ്_വില്യാപ്പള്ളി തുടങ്ങി അക്കാലത്തെ കൊടികെട്ടിയ വോളിബോൾ ക്ലബ്ബുകൾക്കിടയിൽ വിനയത്തോടെ പക്ഷേ തലയുയർത്തിപ്പിടിച്ച്‌ നിന്ന ഞങ്ങളുടെ ജവഹർ ഇരിങ്ങൽ..

മനസിലേക്ക് ഒരു കാലത്തും മായ്ക്കാൻ പറ്റാത്ത കുറേ മാച്ചുകളും കളിക്കാരെയും സമ്മാനിച്ച ഇരിങ്ങലിന്‍റെ സ്വന്തം ക്ലബ്‌..

കേബിൾ ടീവി പോയിറ്റ് കളര്‍ടീവി പോലും വീടുകളിൽ കാണാൻ കിട്ടാത്ത ആ കാലങ്ങളിൽ ഇരിങ്ങലിലെ കുഞ്ഞങ്ങളേം ബാല്യേക്കാരേം ചെവികളില്‍ മുഴങ്ങിക്കേട്ടത്‌ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന ഒത്യോത്ത് മുകുന്ദേട്ടന്‍റെ നീല കളറുള്ള ജീപ്പില്‍ കെട്ടി വച്ച സ്പീക്കറില്‍ നിന്നുംവന്ന #പവിത്രൻ_മാഷ്‌ മൈക്കിലൂടെ നടത്തിയ “ജവഹര്‍ ഇരിങ്ങല്‍ സംഘടിപ്പിക്കുന്ന #ഒതയോത്ത്_ശ്രീധരന്‍_മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് കൃത്യം നാല്മണിക്ക് ഐക്യകേരള മുടപ്പിലാവില്‍ നേരിടുന്നു പാരഡൈസ്‌വടകരയെ” എന്നുതുടങ്ങുന്ന രോമാഞ്ചജനകമായ
ടൂർണ്ണമന്റ്‌ അനൗൺസ്മെന്‍റ്കളായിരുന്നു..

അനൗൺസ്മെന്റിന്‍റെ പാതിയും പങ്കെടുക്കുന്ന ക്ലബ്ബുകളുടെ എണ്ണത്തെക്കാള്‍ കൂടുതലുള്ള കുഞ്ഞു കുഞ്ഞു സ്പോൺസർമ്മാരുടെ പേരുകള്‍.. അങ്ങനെ ചന്തം ഫാൻസിസെന്റർ മേലടിയും,
ലവ്ലി ബേക്കറി വടകരേം
ഞങ്ങള്‍ ഇരിങ്ങൽക്കാർക്ക്‌
പാണക്കോടന്‍റെ പീട്യേം മാപ്പളേന്‍റെ പീട്യേം പോലെ ചിരപരിചിതമാവുകയും ചെയ്തു.

ടൂര്‍ണ്ണമെന്‍റ് ദിനങ്ങളിലെ കളി കാണാന്‍
കമ്പക്കയർ വലിച്ച്‌ കെട്ടിയ കോർട്ടിനു ചുറ്റും നിലത്ത് ആദ്യനിരയിൽ സീറ്റ് റിസര്‍വ് ചെയ്യാറുള്ളത് ട്രൗസർ ഇട്ടുനടന്ന ഞങ്ങളും അരികില്‍ ഞങ്ങളെയെല്ലാം റെയിൽ കടത്തി തീവണ്ടിയും കളിയും കാണിക്കാൻ കൂടെ വരാറുള്ള പാവാടക്കാരികളായ ഏച്ചിമാരും..

മുന്നിലിരിക്കുന്ന ഈ ടീമുകളെ ബേക്കിലായിറ്റ് കോര്‍ട്ടിന്ന്‍ പുറത്തേക്ക്‌ തെറിക്കുന്ന ഏതു വോളിബോൾ സ്മാഷും പുഷ്പം പോലെ പിടിച്ചെടുത്ത്‌ കളിക്കാർക്ക്‌ കൊടുക്കാൻ നെഞ്ചുവിരിച്ച് മനുഷ്യമതിലുകളായി ഇരിങ്ങലെ ചെറുബാല്യേക്കാറും ഓല ബേക്കിലു കളിതീരും വരെ തിക്കിത്തിരക്കി ഏന്തിവലിഞ്ഞു നിന്ന ഇവലെ അമ്മമാരും അച്ചന്മാരും മാമന്മാരും ഉള്ള
ആ എണ്‍പതുകള്‍..!

അനൗൺസര്‍മാരായ രവിയേട്ടന്‍റെയും പ്രദീപേട്ടന്‍റെയും അച്ചടിഭാഷയിലുള്ള
"
റയിൽപാളത്തിലിരുന്നു കളി കാണുന്ന കാണികളുടെ ശ്രദ്ധക്ക്‌,
#
വണ്ടി വരുന്നുണ്ട്‌,
ദയവായി പാളത്തിൽ നിന്നും താഴെ ഇറങ്ങുക,
വണ്ടി വരുന്നുണ്ട്‌,
ദയവായി പാളത്തിൽ നിന്നും താഴെ ഇറങ്ങുക"
എന്ന നെഞ്ചു പൊട്ടുന്ന അഭ്യര്‍ത്ഥന കേട്ടതായി ഭാവിക്കാതെ റയിലിന്‍റെ മുകളില്‍നിന്നും മാത്രം കളികാണുന്ന ചില വില്ലന്മാരും
കോർട്ടിനു പടിഞ്ഞാറു മണ്ടപോയ തെങ്ങുകളിൽ തത്തകളുടെ കൊത്ത് ഭയക്കാതെ പൊത്തിപ്പിടിച്ച്‌ കയറി എ”ക്ലാസ്‌ ഗാലറിയിൽ നിന്നും ഗമയിൽ കളികണ്ട വിരുതന്മാരും,
കോർട്ടിന്റെ വടക്ക്‌പടിഞ്ഞാറു മൂലയിൽ
പന്തലിച്ച മാവില്‍ തൂങ്ങിപ്പിടിച്ച് മീറുകടി സഹിച്ചു സ്പൈഡർകാംമോഡില്‍ കളികണ്ട ലോക്കൽബോയ്സും ചേർന്നാഘോഷിച്ച അർമ്മാദിച്ച ദേശീയോത്സവമായിരുന്നു ജവഹർ ഇരിങ്ങൽ നടത്തിയിരുന്ന ഒരോരോ വോളിബോൾ ടൂർണ്ണമെന്റും ഞങ്ങൾക്ക്‌..

റെയിലിന്‍റെ കിഴക്ക്ഭാഗത്തെ റയില്‍വെമൈതാനിയില്‍ ഫുട്ബാള്‍ കളിക്കാര്‍ മിന്നും താരങ്ങളായിരുന്നെങ്കില്‍ ഇരിങ്ങലിന്‍റെ #ഇതിഹാസ താരങ്ങളായിരുന്നു പടിഞ്ഞാറു നിന്നും ഉദിച്ചുയര്‍ന്ന ജവഹറിന്‍റെ ഈ #സൂര്യന്മാര്‍ !!

തീക്കനല്‍ നിറമുള്ള ചുവപ്പ്ജേഴ്സിയും  ചുവപ്പന്‍ ക്നീഗാര്‍ഡും ഇട്ടു ആറരയടി ഉയരത്തില്‍ നീണ്ടു നിവര്‍ന്നു നിന്നു കൊണ്ട് ഗ്രൗണ്ടില്‍ നിറഞ്ഞുകളിച്ചു എതിര്‍ടീമുകളെ പലപ്പോഴും ഒറ്റക്ക്തന്നെ അടിച്ച്പരത്തിയ
#ഷോട്ട്ബോള്‍‍
സ്മാഷിന്‍റെ തലതൊട്ടപ്പന്‍ ഞങ്ങളുടെ പ്രിയപ്പെട്ട #കൊല്ലണ്ടിയില്‍_സുനില്‍ ഏട്ടന്‍!!
സുനിയെട്ടന്റെ തകര്‍പ്പന്‍ സ്മാഷുകള്‍ രണ്ടും കയ്യും നീട്ടി സന്തോഷത്തോടെ ഏറ്റു വാങ്ങാന്‍ ശ്രമിച്ച എതിര്ടീമുകളിലെ പല കളികാരും കളികഴിഞ്ഞു നേരെപോയിരുന്നത് ഓയില്‍മില്ലിലെ അധികാരിയുടെ മുന്നിലെക്കായിരുന്നെന്ന് പഴമക്കാര്‍ പറയാറുണ്ടിപ്പോഴും.
സിനിമാതാരം അശോകനെ രഹസ്യമായി ആരാധിച്ച വടകരയിലെ പല സുന്ദരിമാരും സുനിയേട്ടന്‍റെ മാച്ചുകള്‍ കാണാന്‍ ബസ്സില്‍ മൂരാടു പാലം കടന്നു ഇരിങ്ങലിലേക്ക് വരുമായിരുന്നു..!!

പടിക്കല്‍പ്പാറയില്‍ നിന്നും റയില്‍പ്പാളം കടന്നുവന്നു ജവഹറിന്‍റെെ സെന്റര്‍കോര്‍ട്ടില്‍ നിന്നും ആറടിയോളം ഉയരത്തില്‍ ഹൈലിഫ്റ്റുകള്‍ക്കും മീതെ ഉയര്‍ന്നുചാടി എതിര്‍ടീമിലെ ബ്ലോക്കര്‍മാരുടെ കൈകള്‍ തച്ചുതകര്‍ത്ത സ്മാഷുകളുടെ സൃഷ്ടാവ്,
ജവഹര്‍ ഇരിങ്ങല്‍ എന്ന ക്ലബ്ബിനെ ലക്ഷണമൊത്തൊരു പ്രഫഷണല്‍ ക്ലബ്ബിന്റെ നിലവാരത്തിലെക്കുയര്‍ത്തിയ,
പില്‍ക്കാലത്ത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്‍റെ സൂപ്പര്‍താരമായി മാറിയ #ബ്ലോക്ക്ബസ്റ്റര്#സുര്‍ജിത്ത്_കൊന്നോളി എന്ന സുര്‍ജിത്ത് !!

വിശേഷണങ്ങള്‍ക്കതീതമായി,
ജവഹര്‍ ഇരിങ്ങലിന്റെ തട്ടകത്തില്‍ പന്ത്തട്ടിത്തട്ടി പന പോലെ വളര്‍ന്നു ഇന്ത്യന്‍വോളിബോള്‍ ടീമില്‍ ഇടംപിടിച്ച #പ്രേംജിത്ത് !!
ബാക്ക് ലൈനില്‍ പറന്നുയർന്നാൽ നാല് മീറ്ററിനടുത്തു റീച്ചുള്ള താരം!! AD 2000 ല്‍ ഗള്‍ഫില്‍ വച്ചു നടന്ന റഷീദ്‌ വോളിബോൾ ഫൈനലിൽ #പാക്കിസ്ഥാൻ കാരെ അടിച്ച്‌നിരപ്പാക്കി കപ്പുംകൊണ്ട്‌ ഇന്ത്യയിലേക്കും പിന്നെ ജന്മനാടിന്റെ ആദരവേറ്റ്‌ വാങ്ങാൻ ജവഹറിലും മടങ്ങിവന്ന അതേ #പ്രേംജി, ഞങ്ങളുടെ സ്വന്തം ഇന്റർനാഷണൽ താരം!!

ഈ മൂന്നു പീരങ്കികളില്‍ ‍നിന്നും എതിര്‍കോര്‍ട്ടിലേക്ക് ചീറിപ്പാഞ്ഞ തീയുണ്ടകളെല്ലാംതന്നെ
ഞങ്ങള്‍ കാണികളുടെ വായകള്‍ അറിയാതെ ഒരേസമയത്ത് തുറപ്പിക്കുകയും അതേസമയം ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെ വെല്ലുവിളിച്ച് കൊണ്ടു ഇരട്ടി വേഗതയില്‍ കോര്‍ട്ടില്‍ നിന്നും മുകളിലോട്ടു പൊങ്ങി കാണികളുടെ തലക്ക്മീതെ പറന്നു നാലുപാടും അപ്രത്യക്ഷമാവുകയും ചെയ്തു....

ഇവര്‍ക്ക്പുറമേ
ടീമിന്റെ സെന്റർബ്ലോക്കറും #ടച്ച്‌ഔട്ട്‌ എന്ന സ്പെഷല്‍ട്രിക്കിന്‍റെ സ്പെഷലിസ്റ്റുമായിരുന്ന #ആശാരിക്കുനി_ചന്ദ്രൻ ; പില്‍ക്കാലത്ത് ഗോവ ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ ജെഴ്സിയണിഞ്ഞ, ഇരിങ്ങലില്‍ നിന്നും ഗോവയില്‍ തീര്‍ഥാടാനത്തിനു പോകുന്ന ഏതൊരു വ്യക്തിയുടെയും തണലായി നിന്നുകൊണ്ടിരിക്കുന്ന, സ്നേഹമയനായ  #ഗോവ ചന്ദ്രേട്ടന്‍!!

ബ്ലോക്കര്മാരുടെ ശ്രദ്ധ തെറ്റിച്ചു ഇടതും വലതും കോര്‍ണറുകളില്‍ ഇടവിടാതെ തീ പാറുന്ന സ്മാഷുകള്‍ മഴ പോലെ പെയ്യിച്ച ദക്ഷിണറയില്‍വേ ഉദ്യോഗസ്ഥനും കാണികളുടെ കട്ടലോക്കല്‍ ഹീറോയുമായ#ശിവദാസന്‍‍_കാട്ടുകുറ്റി
എന്ന ശിവദാസേട്ടന്‍!!

ജവഹറിന്‍റെ ഓള്‍ടൈം ബെസ്റ്റ് ലിഫ്ടര്‍ & സെറ്റര്‍ #ഗുരുവായൂരപ്പൻ കോളേജ്‌ വോളിബോൾ ടീം ക്യാപ്ടന്‍,
അകക്കണ്ണ് കൊണ്ട് എതിരാളിയുടെ ഷോട്ടുകൾ അളന്നെടുത്ത് അറ്റാക്കര്‍മാരുടെ ആത്മവിശ്വാസം പത്തിരട്ടിയാക്കുന്ന ലിഫ്റുകളും പാസുകളും വാരിക്കോരിനല്‍കിയ,  താരങ്ങള്‍ വെറുംമനുഷ്യരാകുന്ന
അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഏകനായി പോരാടി ടീമിനെ കരയ്ക്ക് അടുപ്പിക്കാറുള്ള
എന്‍റെ സ്വന്തം മാമൻ #പള്ളിവയലിൽ_സുരേഷ്‌ കുമാർ..

വെള്ളപെയിന്റ്‌ അടിച്ച മേശയിൽ കയറ്റിവച്ച ഉയരമുള്ള ആ സ്റ്റൂളിൽ വെള്ളമുണ്ടുടുത്ത്‌ കയറിനിന്ന് പതിനഞ്ച്‌ പോയന്റുകളുടെ
മൂന്നു സെറ്റ് പോരാട്ടങ്ങളും
ഒരു ഡസന്‍ കളിക്കാരെയും
വിസില്‍ കൊണ്ടുമാത്രം പട്ടാളച്ചിട്ടയില്‍
മൂക്കിന്‍റെ താഴെ നിലയ്ക്ക്നിർത്തിയ ഫസ്റ്റ്‌റഫറി #കാട്ടുകുറ്റി_വേലായുധൻ ജി..

പച്ചവെള്ളം പോലത്തെ തെളിവാര്‍ന്ന മലയാളത്തില്‍, തീവണ്ടി പോലെ നീണ്ട അനൗൺസ്മെന്‍റ്കളും സാഹിത്യം തുളുമ്പുന്ന വിശേഷണങ്ങളും മൈക്കിലൂടെ വാരി വിതറിയ മിടുമിടുക്കനായ #മുണ്ടത്തടത്തിൽ_രവീന്ദ്രൻ എന്ന #ക്വീന്‍സ് രവിയേട്ടൻ..
ഏതൊരു ഇരിങ്ങൽക്കാരന്‍റെ മനസിലും മുഴങ്ങി കിടക്കുന്നുണ്ട്‌ രവിയേട്ടന്‍ന്‍റെ ആ ശബ്ദം; ഇന്നത്തെ #ഷൈജുദാമോദരന്ന്‍റെ അലര്‍ച്ചകളുടെ ഒരുമുഴം മുകളില്‍ !!

ജവഹറിന്‍റെ സൂപ്പര്‍താരങ്ങളായിരുന്ന 
കോട്ടക്കല്‍കാരായ സജീവൻ, സദാനന്ദൻ ദ്വയങ്ങളും
സി.ആര്‍.പി.എഫ് താരമായ #മായന്‍കുട്ടി,
ലോക്കല്‍ ഫേവറിറ്റ്കളായ #കാട്ടുകുറ്റി_അശോകൻ #പോലീസ്_ഗംഗാധരേട്ടന്‍,
പ്രതീക്ഷകളുടെ തുരുത്തായ #കാട്ടുകുറ്റി_വിജയന്‍,
പഴയകാല താരങ്ങളായ ലിഫ്ടര്‍ #എടപ്പരത്തി_നാരായണന്‍
#
_കണാരന്‍,
കൊളാവിപ്പാലം നാണുവേട്ടന്‍ജേഴ്സിധരിക്കാന്‍ കൂട്ടാക്കാതെ, മുണ്ടുടുത്ത് ഒറ്റക്ക് കളികള്‍ ജയിപ്പിച്ചുപോന്ന നാട്ടുകാരുടെ സ്വന്തം #അറുവയില്‍_കണ്ണന്‍
അതിസുന്ദരനായ #പോലീസ്_ബാബു, സ്ത്രീജനങ്ങളുടെ കണ്ണിലുണ്ണിയായ #പുത്തങ്കുനി_പ്രദീപൻ എന്നിവരെല്ലാം ജവഹറിനായി കൈമെയ് മറന്നു പൊരുതുകയും ഞങ്ങളുടെ കുഞ്ഞുമനസുകളില്‍ സൂപ്പര്‍ ഹീറോകളായി മാറുകയും ചെയ്തു. ..

ഒന്ന് കൂടെ ഓര്‍ത്തെടുത്ത് കൊണ്ട് നിര്‍ത്തട്ടെ ....
എൺപതുകളുടെ മധ്യത്തിൽ വടകര ഇൻഡോർസ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന #ശിവരാമൻ മെമ്മോറിയൽ ട്രോഫി 
#അഖിലകേരള വോളിബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ ജവഹർ ഇരിങ്ങൽ ഫൈനലിൽ തകർത്ത്‌ വിട്ടത്‌ #റയിൽവേ യുടെ ദാമോദരൻ, അബ്ദുറഹിമാൻ മുതലായവരടങ്ങിയ ഇതിഹാസതാരങ്ങളെ അണിനിരത്തിയ 
#പാരഡൈസ്‌വടകര എന്ന സൂപ്പര്‍ക്ലബ്ബിനെയായിരുന്നു..

അന്ന് ഇരിങ്ങല്‍ക്കാര്‍ ജവഹറിന്‍റെ ചാമ്പ്യന്‍കളിക്കാർക്ക്‌ സ്നേഹപൂര്‍വ്വം നൽകിയ പൗരസ്വീകരണവും ജവഹര്‍ പലപ്പോഴായിവാരിക്കൂട്ടിയ ട്രോഫികളുടെയും ഷീൽഡുകളുടെയും പ്രദർശ്ശനവും കാണാൻ ഭാഗ്യമുണ്ടായവരിലൊരാളായി ഈ കുഞ്ഞു #അജി എന്ന ഞാനും...

1970 നവംബര്‍ 14 നു മേപ്രംകുറ്റി രാജേന്ദ്രന്‍ പ്രസിഡന്റും മുണ്ടത്തടത്തില്‍ രവീന്ദ്രന്‍ വൈസ്പ്രസിഡന്ടും അറുവയില്‍ കണാരന്‍ സെക്രട്ടറിയും കെ.പി.പ്രഭാകരന്‍ ട്രഷറരുമായി പിറന്നുവീണ #ജവഹർഇരിങ്ങല്‍;
#
ഇരിങ്ങൽപ്പാറ
#
ഇരിങ്ങൽ_നാരായണി 
#ഇരിങ്ങൽ_റെയിൽവേസ്റ്റേഷൻ,
എന്നിവക്ക് ശേഷം ഞങ്ങളുടെ സ്വകാര്യഅഹങ്കാരവും അഭിമാനവുമായി ഹൃദയത്തില്‍ എവിടെയോക്കെയോയായി അങ്ങനെ അങ്ങനെ..

ഇന്നും റയിൽവേസ്റ്റേഷൻ റോഡിന്‍റെ പകുതിയിലുള്ള #കമ്പനിക്കുനി ബാലേട്ടന്‍റെയും ധനഞ്ജയന്‍ ഡോക്ടറേം പീട്യേന്‍റെ മോളിൽ തൂക്കിയിട്ട ജവഹർ ഇരിങ്ങലിന്റെ
ആ ചെറിയ ബോർഡ്‌ കാണുമ്പോ  വോട്ടവകാശം ലഭിച്ച ഏതൊരിരിങ്ങൽക്കാരന്‍റെയും
കയ്യിമ്മലിള്ള സകല രോമങ്ങളും ചെറുതായിറ്റ് ഒന്നു പൊങ്ങുകയും
പഴയ കളിക്കാർ അടിച്ച്കുഴിച്ച സ്മാഷുകളുടെ  ചില ഇടിമിന്നിപ്പുകൾ സ്വകാര്യമായി അനുഭവപ്പെടുകയും  ഇരിങ്ങലിലെ ഉശിരുള്ള കുട്ട്യേള് ആ പഴയ കാലം വീണ്ടും തിരിച്ച് കൊണ്ട് വരും എന്ന് ആശ്വസിക്കുകയും ചെയ്യുന്നുണ്ട് തീര്‍ച്ച!!
#അജി_പള്ളിവയലില്‍ #JAWAHAR #IRINGAL
ഉടന്‍ പ്രസിദ്ധീകരിക്കുന്ന #ഇരിങ്ങല്‍_മേരാ_ഗാവ്ഹെ എന്നാ പുസ്തകത്തിലെ മറ്റൊരു ഏട്




Tuesday, May 29, 2018


ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ  ഇരിങ്ങല്‍ റയിൽവേ മൈതാനം!



കൃത്യം അഞ്ചുമണിക്ക്‌ ഭജനമഠത്തിലെ നമ്പൂരി ഓൺ ചെയ്യുന്ന ജ്നാനപ്പാന

ഗുരുനാഥൻ തുണചെയ്ക സന്തതം..
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും,
പിരിയാതെയിരിക്കണം നമ്മുടെ...
നരജന്മം സഫലമാക്കീടുവാൻ!!!!


യക്ഷികൾ രാത്രി ഇറങ്ങിവരുമെന്ന് ഏച്ചിമാർ പെടിപ്പിക്കാൻ ദൂരെനിന്ന് കാണിച്ച്‌ തന്നിരുന്ന ആ വലിയ യക്ഷിപ്പന....

യക്ഷിപ്പനയുടെ വടക്ക്‌ ഭാഗത്ത്‌ അതിവിശാലമായി പച്ചപ്പുല്ലും ഇടക്കിടക്ക്‌ മൃദുലമായ മുള്ളുകൾ വളർന്ന് നിൽക്കുന്ന വയിൽച്ചുള്ളികളും ഇടകലര്‍ന്നു നില്‍ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട റെയിൽവേ മൈതാനി...!

നാലരമണിയാകുമ്പോളേക്ക്‌ തന്നെ ഗുമുട്ടി ബാലേട്ടന്റെ പീട്യേന്ന് ഫുട്ബോൾ കളിക്കുന്ന ഏട്ടന്മാർ കാറ്റടിപ്പിച്ച്‌ തട്ടി തട്ടി കൊണ്ടുവരുന്ന, നെക്കിനു ലീക്കുള്ള,  തിരുമ്പുന്ന സോപ്പ്‌ മിക്കവാറും ദിവസങ്ങളിൽ 
നെക്കിൽ കുത്തിക്കേറ്റപ്പെട്ട ആ ഫുട്ബോൾ...




ആറേഴു വയസുള്ള ഞാനുൾപ്പെടെയുള്ള 
ട്രൗസറിട്ട്‌ നടക്കുന്ന കുട്ടികൾ അത്ഭുതം നിറഞ്ഞ കണ്ണുമായി 
ആരാധനയോടെ  കണ്ടുകൊണ്ടിരുന്ന ഇരിങ്ങലിലെ 
ചില ഫുട്ബൊൾ കളിക്കാരിൽ പ്രമുഖരായി വാണിരുന്ന വീരന്മാരില്‍ ചിലരല്ലേ ഇവര്‍....


യക്ഷിപ്പനയേക്കാളും ഉയരത്തിൽ എന്നും 
ബോളടിച്ച്‌ ക്ലിയർ ചെയ്തിരുന്ന കേളപ്പേട്ടൻ

സൈക്കിളിൽ വന്നിറങ്ങി സൈക്കിളോടിക്കുന്ന അതേ സ്റ്റെയിലിൽ 
ഫോർവേർഡായി ഗോളടിക്കുന്നത്‌ ശീലമാക്കിയ 
വള്ളൂക്കുനി ചന്ദ്രേട്ടൻ

വെടിയുണ്ട പോലെ ഫ്രീ കിക്കുകൾ അടിക്കുന്ന 
ഇപ്പോ മിലിട്ടറിയിലുള്ള ഷാജിയേട്ടൻ

വെളുത്ത മുണ്ട്‌ വൃത്തിയായി മടക്കിക്കുത്തി പമ്പരം പോലെ ഡ്രിബിൾ ചെയ്യ്ത്‌ ബാക്കിയുള്ളവരെ വട്ടം കറക്കുന്ന കേ.പി.വിനീതേട്ടൻ

എല്ലാവരും ഷർട്ടിട്ടോ ഷർട്ടൂരിയോ കളിക്കുന്ന കാലത്ത്‌ നീല ജേഴ്സി ഇട്ട്‌ കളരിപ്പടി ഭാഗത്ത്‌ നിന്ന് വരുന്ന ജന്മനാ ഫൗൾ ചെയ്യുന്ന
പൊട്ടൻ എന്ന് വിളിക്കുന്ന പൊട്ടൻ

കോട്ടക്കൽ സൈഡിന്ന് ചുരുണ്ട മുടിയുമായി കളിക്കാനെത്തുന്ന പുയ്യാപ്ല,

ഗോൾഡ്‌ഫ്ലേക്ക്‌ സിഗരറ്റ്‌ വലിച്ച്‌ കഴിഞ്ഞ്‌ കയർചെയിൻ എന്ന സ്വർണ്ണ മാല ഊരി പോവാതെ കുടവയർ കുലുക്കി വല്ലപ്പോഴും ഗ്രൗണ്ടിൽ ഇറങ്ങിക്കളി ച്ചിരുന്ന എന്റെ ഇളയച്ചൻ എളാട്ടേരിക്കാരനായ മോഹനേട്ടൻ ...


അമ്പലത്തിനു മുന്നിൽ ഒരു കാലത്തും വെള്ളം ഒഴുകാത്ത കനാലിന്റെ സൈഡിലിരുന്നു ഈ കളികളെല്ലാം കണ്ടിരുന്ന എഴുപതുകളിലെ കളിക്കാരും, മര സ്ലീപ്പറുകൾ വിരിച്ചിരുന്ന റയിലിന്റെ മുകളിലിരുന്നു കൊണ്ട്‌ രണ്ടിഞ്ച്‌ മെറ്റൽ പീസുകൾ മൈതാനത്തിന്‍റെ സൈഡിലെ ചളി നികത്താൻ എറിഞ്ഞ്‌ തന്നാലായത്‌ ചെയ്തിരുന്ന  കാണികളും ഉള്ള ആ മനോഹര കാലം....



ഉടന്‍ പ്രസിദ്ധീകരിക്കുന്ന ഇരിങ്ങല്‍ മേരാ ഗാവ് ഹേ എന്ന മാസ്റര്‍ പീസിലെ ഒരേട്‌ ....