Monday, July 30, 2018



                             #ജവഹർ_ഇരിങ്ങൽ

"റയിൽപാളത്തിലിരുന്നു കളി കാണുന്ന കാണികളുടെ ശ്രദ്ധക്ക്‌,
#വണ്ടി 
വരുന്നുണ്ട്‌, ദയവായി പാളത്തിൽ നിന്നും താഴെ ഇറങ്ങുക”

#പാരഡൈസ്‌_വടകര#യുവശക്തി_നരിപ്പറ്റ#ജൂപിറ്റർ_മണിയൂർ #ഐക്യകേരള_മുടപ്പിലാവിൽ#എം_എൽ_ആർ_സി_പരവന്തല#ബ്രദേഴ്സ്_വില്യാപ്പള്ളി തുടങ്ങി അക്കാലത്തെ കൊടികെട്ടിയ വോളിബോൾ ക്ലബ്ബുകൾക്കിടയിൽ വിനയത്തോടെ പക്ഷേ തലയുയർത്തിപ്പിടിച്ച്‌ നിന്ന ഞങ്ങളുടെ ജവഹർ ഇരിങ്ങൽ..

മനസിലേക്ക് ഒരു കാലത്തും മായ്ക്കാൻ പറ്റാത്ത കുറേ മാച്ചുകളും കളിക്കാരെയും സമ്മാനിച്ച ഇരിങ്ങലിന്‍റെ സ്വന്തം ക്ലബ്‌..

കേബിൾ ടീവി പോയിറ്റ് കളര്‍ടീവി പോലും വീടുകളിൽ കാണാൻ കിട്ടാത്ത ആ കാലങ്ങളിൽ ഇരിങ്ങലിലെ കുഞ്ഞങ്ങളേം ബാല്യേക്കാരേം ചെവികളില്‍ മുഴങ്ങിക്കേട്ടത്‌ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന ഒത്യോത്ത് മുകുന്ദേട്ടന്‍റെ നീല കളറുള്ള ജീപ്പില്‍ കെട്ടി വച്ച സ്പീക്കറില്‍ നിന്നുംവന്ന #പവിത്രൻ_മാഷ്‌ മൈക്കിലൂടെ നടത്തിയ “ജവഹര്‍ ഇരിങ്ങല്‍ സംഘടിപ്പിക്കുന്ന #ഒതയോത്ത്_ശ്രീധരന്‍_മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് കൃത്യം നാല്മണിക്ക് ഐക്യകേരള മുടപ്പിലാവില്‍ നേരിടുന്നു പാരഡൈസ്‌വടകരയെ” എന്നുതുടങ്ങുന്ന രോമാഞ്ചജനകമായ
ടൂർണ്ണമന്റ്‌ അനൗൺസ്മെന്‍റ്കളായിരുന്നു..

അനൗൺസ്മെന്റിന്‍റെ പാതിയും പങ്കെടുക്കുന്ന ക്ലബ്ബുകളുടെ എണ്ണത്തെക്കാള്‍ കൂടുതലുള്ള കുഞ്ഞു കുഞ്ഞു സ്പോൺസർമ്മാരുടെ പേരുകള്‍.. അങ്ങനെ ചന്തം ഫാൻസിസെന്റർ മേലടിയും,
ലവ്ലി ബേക്കറി വടകരേം
ഞങ്ങള്‍ ഇരിങ്ങൽക്കാർക്ക്‌
പാണക്കോടന്‍റെ പീട്യേം മാപ്പളേന്‍റെ പീട്യേം പോലെ ചിരപരിചിതമാവുകയും ചെയ്തു.

ടൂര്‍ണ്ണമെന്‍റ് ദിനങ്ങളിലെ കളി കാണാന്‍
കമ്പക്കയർ വലിച്ച്‌ കെട്ടിയ കോർട്ടിനു ചുറ്റും നിലത്ത് ആദ്യനിരയിൽ സീറ്റ് റിസര്‍വ് ചെയ്യാറുള്ളത് ട്രൗസർ ഇട്ടുനടന്ന ഞങ്ങളും അരികില്‍ ഞങ്ങളെയെല്ലാം റെയിൽ കടത്തി തീവണ്ടിയും കളിയും കാണിക്കാൻ കൂടെ വരാറുള്ള പാവാടക്കാരികളായ ഏച്ചിമാരും..

മുന്നിലിരിക്കുന്ന ഈ ടീമുകളെ ബേക്കിലായിറ്റ് കോര്‍ട്ടിന്ന്‍ പുറത്തേക്ക്‌ തെറിക്കുന്ന ഏതു വോളിബോൾ സ്മാഷും പുഷ്പം പോലെ പിടിച്ചെടുത്ത്‌ കളിക്കാർക്ക്‌ കൊടുക്കാൻ നെഞ്ചുവിരിച്ച് മനുഷ്യമതിലുകളായി ഇരിങ്ങലെ ചെറുബാല്യേക്കാറും ഓല ബേക്കിലു കളിതീരും വരെ തിക്കിത്തിരക്കി ഏന്തിവലിഞ്ഞു നിന്ന ഇവലെ അമ്മമാരും അച്ചന്മാരും മാമന്മാരും ഉള്ള
ആ എണ്‍പതുകള്‍..!

അനൗൺസര്‍മാരായ രവിയേട്ടന്‍റെയും പ്രദീപേട്ടന്‍റെയും അച്ചടിഭാഷയിലുള്ള
"
റയിൽപാളത്തിലിരുന്നു കളി കാണുന്ന കാണികളുടെ ശ്രദ്ധക്ക്‌,
#
വണ്ടി വരുന്നുണ്ട്‌,
ദയവായി പാളത്തിൽ നിന്നും താഴെ ഇറങ്ങുക,
വണ്ടി വരുന്നുണ്ട്‌,
ദയവായി പാളത്തിൽ നിന്നും താഴെ ഇറങ്ങുക"
എന്ന നെഞ്ചു പൊട്ടുന്ന അഭ്യര്‍ത്ഥന കേട്ടതായി ഭാവിക്കാതെ റയിലിന്‍റെ മുകളില്‍നിന്നും മാത്രം കളികാണുന്ന ചില വില്ലന്മാരും
കോർട്ടിനു പടിഞ്ഞാറു മണ്ടപോയ തെങ്ങുകളിൽ തത്തകളുടെ കൊത്ത് ഭയക്കാതെ പൊത്തിപ്പിടിച്ച്‌ കയറി എ”ക്ലാസ്‌ ഗാലറിയിൽ നിന്നും ഗമയിൽ കളികണ്ട വിരുതന്മാരും,
കോർട്ടിന്റെ വടക്ക്‌പടിഞ്ഞാറു മൂലയിൽ
പന്തലിച്ച മാവില്‍ തൂങ്ങിപ്പിടിച്ച് മീറുകടി സഹിച്ചു സ്പൈഡർകാംമോഡില്‍ കളികണ്ട ലോക്കൽബോയ്സും ചേർന്നാഘോഷിച്ച അർമ്മാദിച്ച ദേശീയോത്സവമായിരുന്നു ജവഹർ ഇരിങ്ങൽ നടത്തിയിരുന്ന ഒരോരോ വോളിബോൾ ടൂർണ്ണമെന്റും ഞങ്ങൾക്ക്‌..

റെയിലിന്‍റെ കിഴക്ക്ഭാഗത്തെ റയില്‍വെമൈതാനിയില്‍ ഫുട്ബാള്‍ കളിക്കാര്‍ മിന്നും താരങ്ങളായിരുന്നെങ്കില്‍ ഇരിങ്ങലിന്‍റെ #ഇതിഹാസ താരങ്ങളായിരുന്നു പടിഞ്ഞാറു നിന്നും ഉദിച്ചുയര്‍ന്ന ജവഹറിന്‍റെ ഈ #സൂര്യന്മാര്‍ !!

തീക്കനല്‍ നിറമുള്ള ചുവപ്പ്ജേഴ്സിയും  ചുവപ്പന്‍ ക്നീഗാര്‍ഡും ഇട്ടു ആറരയടി ഉയരത്തില്‍ നീണ്ടു നിവര്‍ന്നു നിന്നു കൊണ്ട് ഗ്രൗണ്ടില്‍ നിറഞ്ഞുകളിച്ചു എതിര്‍ടീമുകളെ പലപ്പോഴും ഒറ്റക്ക്തന്നെ അടിച്ച്പരത്തിയ
#ഷോട്ട്ബോള്‍‍
സ്മാഷിന്‍റെ തലതൊട്ടപ്പന്‍ ഞങ്ങളുടെ പ്രിയപ്പെട്ട #കൊല്ലണ്ടിയില്‍_സുനില്‍ ഏട്ടന്‍!!
സുനിയെട്ടന്റെ തകര്‍പ്പന്‍ സ്മാഷുകള്‍ രണ്ടും കയ്യും നീട്ടി സന്തോഷത്തോടെ ഏറ്റു വാങ്ങാന്‍ ശ്രമിച്ച എതിര്ടീമുകളിലെ പല കളികാരും കളികഴിഞ്ഞു നേരെപോയിരുന്നത് ഓയില്‍മില്ലിലെ അധികാരിയുടെ മുന്നിലെക്കായിരുന്നെന്ന് പഴമക്കാര്‍ പറയാറുണ്ടിപ്പോഴും.
സിനിമാതാരം അശോകനെ രഹസ്യമായി ആരാധിച്ച വടകരയിലെ പല സുന്ദരിമാരും സുനിയേട്ടന്‍റെ മാച്ചുകള്‍ കാണാന്‍ ബസ്സില്‍ മൂരാടു പാലം കടന്നു ഇരിങ്ങലിലേക്ക് വരുമായിരുന്നു..!!

പടിക്കല്‍പ്പാറയില്‍ നിന്നും റയില്‍പ്പാളം കടന്നുവന്നു ജവഹറിന്‍റെെ സെന്റര്‍കോര്‍ട്ടില്‍ നിന്നും ആറടിയോളം ഉയരത്തില്‍ ഹൈലിഫ്റ്റുകള്‍ക്കും മീതെ ഉയര്‍ന്നുചാടി എതിര്‍ടീമിലെ ബ്ലോക്കര്‍മാരുടെ കൈകള്‍ തച്ചുതകര്‍ത്ത സ്മാഷുകളുടെ സൃഷ്ടാവ്,
ജവഹര്‍ ഇരിങ്ങല്‍ എന്ന ക്ലബ്ബിനെ ലക്ഷണമൊത്തൊരു പ്രഫഷണല്‍ ക്ലബ്ബിന്റെ നിലവാരത്തിലെക്കുയര്‍ത്തിയ,
പില്‍ക്കാലത്ത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്‍റെ സൂപ്പര്‍താരമായി മാറിയ #ബ്ലോക്ക്ബസ്റ്റര്#സുര്‍ജിത്ത്_കൊന്നോളി എന്ന സുര്‍ജിത്ത് !!

വിശേഷണങ്ങള്‍ക്കതീതമായി,
ജവഹര്‍ ഇരിങ്ങലിന്റെ തട്ടകത്തില്‍ പന്ത്തട്ടിത്തട്ടി പന പോലെ വളര്‍ന്നു ഇന്ത്യന്‍വോളിബോള്‍ ടീമില്‍ ഇടംപിടിച്ച #പ്രേംജിത്ത് !!
ബാക്ക് ലൈനില്‍ പറന്നുയർന്നാൽ നാല് മീറ്ററിനടുത്തു റീച്ചുള്ള താരം!! AD 2000 ല്‍ ഗള്‍ഫില്‍ വച്ചു നടന്ന റഷീദ്‌ വോളിബോൾ ഫൈനലിൽ #പാക്കിസ്ഥാൻ കാരെ അടിച്ച്‌നിരപ്പാക്കി കപ്പുംകൊണ്ട്‌ ഇന്ത്യയിലേക്കും പിന്നെ ജന്മനാടിന്റെ ആദരവേറ്റ്‌ വാങ്ങാൻ ജവഹറിലും മടങ്ങിവന്ന അതേ #പ്രേംജി, ഞങ്ങളുടെ സ്വന്തം ഇന്റർനാഷണൽ താരം!!

ഈ മൂന്നു പീരങ്കികളില്‍ ‍നിന്നും എതിര്‍കോര്‍ട്ടിലേക്ക് ചീറിപ്പാഞ്ഞ തീയുണ്ടകളെല്ലാംതന്നെ
ഞങ്ങള്‍ കാണികളുടെ വായകള്‍ അറിയാതെ ഒരേസമയത്ത് തുറപ്പിക്കുകയും അതേസമയം ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെ വെല്ലുവിളിച്ച് കൊണ്ടു ഇരട്ടി വേഗതയില്‍ കോര്‍ട്ടില്‍ നിന്നും മുകളിലോട്ടു പൊങ്ങി കാണികളുടെ തലക്ക്മീതെ പറന്നു നാലുപാടും അപ്രത്യക്ഷമാവുകയും ചെയ്തു....

ഇവര്‍ക്ക്പുറമേ
ടീമിന്റെ സെന്റർബ്ലോക്കറും #ടച്ച്‌ഔട്ട്‌ എന്ന സ്പെഷല്‍ട്രിക്കിന്‍റെ സ്പെഷലിസ്റ്റുമായിരുന്ന #ആശാരിക്കുനി_ചന്ദ്രൻ ; പില്‍ക്കാലത്ത് ഗോവ ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ ജെഴ്സിയണിഞ്ഞ, ഇരിങ്ങലില്‍ നിന്നും ഗോവയില്‍ തീര്‍ഥാടാനത്തിനു പോകുന്ന ഏതൊരു വ്യക്തിയുടെയും തണലായി നിന്നുകൊണ്ടിരിക്കുന്ന, സ്നേഹമയനായ  #ഗോവ ചന്ദ്രേട്ടന്‍!!

ബ്ലോക്കര്മാരുടെ ശ്രദ്ധ തെറ്റിച്ചു ഇടതും വലതും കോര്‍ണറുകളില്‍ ഇടവിടാതെ തീ പാറുന്ന സ്മാഷുകള്‍ മഴ പോലെ പെയ്യിച്ച ദക്ഷിണറയില്‍വേ ഉദ്യോഗസ്ഥനും കാണികളുടെ കട്ടലോക്കല്‍ ഹീറോയുമായ#ശിവദാസന്‍‍_കാട്ടുകുറ്റി
എന്ന ശിവദാസേട്ടന്‍!!

ജവഹറിന്‍റെ ഓള്‍ടൈം ബെസ്റ്റ് ലിഫ്ടര്‍ & സെറ്റര്‍ #ഗുരുവായൂരപ്പൻ കോളേജ്‌ വോളിബോൾ ടീം ക്യാപ്ടന്‍,
അകക്കണ്ണ് കൊണ്ട് എതിരാളിയുടെ ഷോട്ടുകൾ അളന്നെടുത്ത് അറ്റാക്കര്‍മാരുടെ ആത്മവിശ്വാസം പത്തിരട്ടിയാക്കുന്ന ലിഫ്റുകളും പാസുകളും വാരിക്കോരിനല്‍കിയ,  താരങ്ങള്‍ വെറുംമനുഷ്യരാകുന്ന
അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഏകനായി പോരാടി ടീമിനെ കരയ്ക്ക് അടുപ്പിക്കാറുള്ള
എന്‍റെ സ്വന്തം മാമൻ #പള്ളിവയലിൽ_സുരേഷ്‌ കുമാർ..

വെള്ളപെയിന്റ്‌ അടിച്ച മേശയിൽ കയറ്റിവച്ച ഉയരമുള്ള ആ സ്റ്റൂളിൽ വെള്ളമുണ്ടുടുത്ത്‌ കയറിനിന്ന് പതിനഞ്ച്‌ പോയന്റുകളുടെ
മൂന്നു സെറ്റ് പോരാട്ടങ്ങളും
ഒരു ഡസന്‍ കളിക്കാരെയും
വിസില്‍ കൊണ്ടുമാത്രം പട്ടാളച്ചിട്ടയില്‍
മൂക്കിന്‍റെ താഴെ നിലയ്ക്ക്നിർത്തിയ ഫസ്റ്റ്‌റഫറി #കാട്ടുകുറ്റി_വേലായുധൻ ജി..

പച്ചവെള്ളം പോലത്തെ തെളിവാര്‍ന്ന മലയാളത്തില്‍, തീവണ്ടി പോലെ നീണ്ട അനൗൺസ്മെന്‍റ്കളും സാഹിത്യം തുളുമ്പുന്ന വിശേഷണങ്ങളും മൈക്കിലൂടെ വാരി വിതറിയ മിടുമിടുക്കനായ #മുണ്ടത്തടത്തിൽ_രവീന്ദ്രൻ എന്ന #ക്വീന്‍സ് രവിയേട്ടൻ..
ഏതൊരു ഇരിങ്ങൽക്കാരന്‍റെ മനസിലും മുഴങ്ങി കിടക്കുന്നുണ്ട്‌ രവിയേട്ടന്‍ന്‍റെ ആ ശബ്ദം; ഇന്നത്തെ #ഷൈജുദാമോദരന്ന്‍റെ അലര്‍ച്ചകളുടെ ഒരുമുഴം മുകളില്‍ !!

ജവഹറിന്‍റെ സൂപ്പര്‍താരങ്ങളായിരുന്ന 
കോട്ടക്കല്‍കാരായ സജീവൻ, സദാനന്ദൻ ദ്വയങ്ങളും
സി.ആര്‍.പി.എഫ് താരമായ #മായന്‍കുട്ടി,
ലോക്കല്‍ ഫേവറിറ്റ്കളായ #കാട്ടുകുറ്റി_അശോകൻ #പോലീസ്_ഗംഗാധരേട്ടന്‍,
പ്രതീക്ഷകളുടെ തുരുത്തായ #കാട്ടുകുറ്റി_വിജയന്‍,
പഴയകാല താരങ്ങളായ ലിഫ്ടര്‍ #എടപ്പരത്തി_നാരായണന്‍
#
_കണാരന്‍,
കൊളാവിപ്പാലം നാണുവേട്ടന്‍ജേഴ്സിധരിക്കാന്‍ കൂട്ടാക്കാതെ, മുണ്ടുടുത്ത് ഒറ്റക്ക് കളികള്‍ ജയിപ്പിച്ചുപോന്ന നാട്ടുകാരുടെ സ്വന്തം #അറുവയില്‍_കണ്ണന്‍
അതിസുന്ദരനായ #പോലീസ്_ബാബു, സ്ത്രീജനങ്ങളുടെ കണ്ണിലുണ്ണിയായ #പുത്തങ്കുനി_പ്രദീപൻ എന്നിവരെല്ലാം ജവഹറിനായി കൈമെയ് മറന്നു പൊരുതുകയും ഞങ്ങളുടെ കുഞ്ഞുമനസുകളില്‍ സൂപ്പര്‍ ഹീറോകളായി മാറുകയും ചെയ്തു. ..

ഒന്ന് കൂടെ ഓര്‍ത്തെടുത്ത് കൊണ്ട് നിര്‍ത്തട്ടെ ....
എൺപതുകളുടെ മധ്യത്തിൽ വടകര ഇൻഡോർസ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന #ശിവരാമൻ മെമ്മോറിയൽ ട്രോഫി 
#അഖിലകേരള വോളിബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ ജവഹർ ഇരിങ്ങൽ ഫൈനലിൽ തകർത്ത്‌ വിട്ടത്‌ #റയിൽവേ യുടെ ദാമോദരൻ, അബ്ദുറഹിമാൻ മുതലായവരടങ്ങിയ ഇതിഹാസതാരങ്ങളെ അണിനിരത്തിയ 
#പാരഡൈസ്‌വടകര എന്ന സൂപ്പര്‍ക്ലബ്ബിനെയായിരുന്നു..

അന്ന് ഇരിങ്ങല്‍ക്കാര്‍ ജവഹറിന്‍റെ ചാമ്പ്യന്‍കളിക്കാർക്ക്‌ സ്നേഹപൂര്‍വ്വം നൽകിയ പൗരസ്വീകരണവും ജവഹര്‍ പലപ്പോഴായിവാരിക്കൂട്ടിയ ട്രോഫികളുടെയും ഷീൽഡുകളുടെയും പ്രദർശ്ശനവും കാണാൻ ഭാഗ്യമുണ്ടായവരിലൊരാളായി ഈ കുഞ്ഞു #അജി എന്ന ഞാനും...

1970 നവംബര്‍ 14 നു മേപ്രംകുറ്റി രാജേന്ദ്രന്‍ പ്രസിഡന്റും മുണ്ടത്തടത്തില്‍ രവീന്ദ്രന്‍ വൈസ്പ്രസിഡന്ടും അറുവയില്‍ കണാരന്‍ സെക്രട്ടറിയും കെ.പി.പ്രഭാകരന്‍ ട്രഷറരുമായി പിറന്നുവീണ #ജവഹർഇരിങ്ങല്‍;
#
ഇരിങ്ങൽപ്പാറ
#
ഇരിങ്ങൽ_നാരായണി 
#ഇരിങ്ങൽ_റെയിൽവേസ്റ്റേഷൻ,
എന്നിവക്ക് ശേഷം ഞങ്ങളുടെ സ്വകാര്യഅഹങ്കാരവും അഭിമാനവുമായി ഹൃദയത്തില്‍ എവിടെയോക്കെയോയായി അങ്ങനെ അങ്ങനെ..

ഇന്നും റയിൽവേസ്റ്റേഷൻ റോഡിന്‍റെ പകുതിയിലുള്ള #കമ്പനിക്കുനി ബാലേട്ടന്‍റെയും ധനഞ്ജയന്‍ ഡോക്ടറേം പീട്യേന്‍റെ മോളിൽ തൂക്കിയിട്ട ജവഹർ ഇരിങ്ങലിന്റെ
ആ ചെറിയ ബോർഡ്‌ കാണുമ്പോ  വോട്ടവകാശം ലഭിച്ച ഏതൊരിരിങ്ങൽക്കാരന്‍റെയും
കയ്യിമ്മലിള്ള സകല രോമങ്ങളും ചെറുതായിറ്റ് ഒന്നു പൊങ്ങുകയും
പഴയ കളിക്കാർ അടിച്ച്കുഴിച്ച സ്മാഷുകളുടെ  ചില ഇടിമിന്നിപ്പുകൾ സ്വകാര്യമായി അനുഭവപ്പെടുകയും  ഇരിങ്ങലിലെ ഉശിരുള്ള കുട്ട്യേള് ആ പഴയ കാലം വീണ്ടും തിരിച്ച് കൊണ്ട് വരും എന്ന് ആശ്വസിക്കുകയും ചെയ്യുന്നുണ്ട് തീര്‍ച്ച!!
#അജി_പള്ളിവയലില്‍ #JAWAHAR #IRINGAL
ഉടന്‍ പ്രസിദ്ധീകരിക്കുന്ന #ഇരിങ്ങല്‍_മേരാ_ഗാവ്ഹെ എന്നാ പുസ്തകത്തിലെ മറ്റൊരു ഏട്




Tuesday, May 29, 2018


ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ  ഇരിങ്ങല്‍ റയിൽവേ മൈതാനം!



കൃത്യം അഞ്ചുമണിക്ക്‌ ഭജനമഠത്തിലെ നമ്പൂരി ഓൺ ചെയ്യുന്ന ജ്നാനപ്പാന

ഗുരുനാഥൻ തുണചെയ്ക സന്തതം..
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും,
പിരിയാതെയിരിക്കണം നമ്മുടെ...
നരജന്മം സഫലമാക്കീടുവാൻ!!!!


യക്ഷികൾ രാത്രി ഇറങ്ങിവരുമെന്ന് ഏച്ചിമാർ പെടിപ്പിക്കാൻ ദൂരെനിന്ന് കാണിച്ച്‌ തന്നിരുന്ന ആ വലിയ യക്ഷിപ്പന....

യക്ഷിപ്പനയുടെ വടക്ക്‌ ഭാഗത്ത്‌ അതിവിശാലമായി പച്ചപ്പുല്ലും ഇടക്കിടക്ക്‌ മൃദുലമായ മുള്ളുകൾ വളർന്ന് നിൽക്കുന്ന വയിൽച്ചുള്ളികളും ഇടകലര്‍ന്നു നില്‍ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട റെയിൽവേ മൈതാനി...!

നാലരമണിയാകുമ്പോളേക്ക്‌ തന്നെ ഗുമുട്ടി ബാലേട്ടന്റെ പീട്യേന്ന് ഫുട്ബോൾ കളിക്കുന്ന ഏട്ടന്മാർ കാറ്റടിപ്പിച്ച്‌ തട്ടി തട്ടി കൊണ്ടുവരുന്ന, നെക്കിനു ലീക്കുള്ള,  തിരുമ്പുന്ന സോപ്പ്‌ മിക്കവാറും ദിവസങ്ങളിൽ 
നെക്കിൽ കുത്തിക്കേറ്റപ്പെട്ട ആ ഫുട്ബോൾ...




ആറേഴു വയസുള്ള ഞാനുൾപ്പെടെയുള്ള 
ട്രൗസറിട്ട്‌ നടക്കുന്ന കുട്ടികൾ അത്ഭുതം നിറഞ്ഞ കണ്ണുമായി 
ആരാധനയോടെ  കണ്ടുകൊണ്ടിരുന്ന ഇരിങ്ങലിലെ 
ചില ഫുട്ബൊൾ കളിക്കാരിൽ പ്രമുഖരായി വാണിരുന്ന വീരന്മാരില്‍ ചിലരല്ലേ ഇവര്‍....


യക്ഷിപ്പനയേക്കാളും ഉയരത്തിൽ എന്നും 
ബോളടിച്ച്‌ ക്ലിയർ ചെയ്തിരുന്ന കേളപ്പേട്ടൻ

സൈക്കിളിൽ വന്നിറങ്ങി സൈക്കിളോടിക്കുന്ന അതേ സ്റ്റെയിലിൽ 
ഫോർവേർഡായി ഗോളടിക്കുന്നത്‌ ശീലമാക്കിയ 
വള്ളൂക്കുനി ചന്ദ്രേട്ടൻ

വെടിയുണ്ട പോലെ ഫ്രീ കിക്കുകൾ അടിക്കുന്ന 
ഇപ്പോ മിലിട്ടറിയിലുള്ള ഷാജിയേട്ടൻ

വെളുത്ത മുണ്ട്‌ വൃത്തിയായി മടക്കിക്കുത്തി പമ്പരം പോലെ ഡ്രിബിൾ ചെയ്യ്ത്‌ ബാക്കിയുള്ളവരെ വട്ടം കറക്കുന്ന കേ.പി.വിനീതേട്ടൻ

എല്ലാവരും ഷർട്ടിട്ടോ ഷർട്ടൂരിയോ കളിക്കുന്ന കാലത്ത്‌ നീല ജേഴ്സി ഇട്ട്‌ കളരിപ്പടി ഭാഗത്ത്‌ നിന്ന് വരുന്ന ജന്മനാ ഫൗൾ ചെയ്യുന്ന
പൊട്ടൻ എന്ന് വിളിക്കുന്ന പൊട്ടൻ

കോട്ടക്കൽ സൈഡിന്ന് ചുരുണ്ട മുടിയുമായി കളിക്കാനെത്തുന്ന പുയ്യാപ്ല,

ഗോൾഡ്‌ഫ്ലേക്ക്‌ സിഗരറ്റ്‌ വലിച്ച്‌ കഴിഞ്ഞ്‌ കയർചെയിൻ എന്ന സ്വർണ്ണ മാല ഊരി പോവാതെ കുടവയർ കുലുക്കി വല്ലപ്പോഴും ഗ്രൗണ്ടിൽ ഇറങ്ങിക്കളി ച്ചിരുന്ന എന്റെ ഇളയച്ചൻ എളാട്ടേരിക്കാരനായ മോഹനേട്ടൻ ...


അമ്പലത്തിനു മുന്നിൽ ഒരു കാലത്തും വെള്ളം ഒഴുകാത്ത കനാലിന്റെ സൈഡിലിരുന്നു ഈ കളികളെല്ലാം കണ്ടിരുന്ന എഴുപതുകളിലെ കളിക്കാരും, മര സ്ലീപ്പറുകൾ വിരിച്ചിരുന്ന റയിലിന്റെ മുകളിലിരുന്നു കൊണ്ട്‌ രണ്ടിഞ്ച്‌ മെറ്റൽ പീസുകൾ മൈതാനത്തിന്‍റെ സൈഡിലെ ചളി നികത്താൻ എറിഞ്ഞ്‌ തന്നാലായത്‌ ചെയ്തിരുന്ന  കാണികളും ഉള്ള ആ മനോഹര കാലം....



ഉടന്‍ പ്രസിദ്ധീകരിക്കുന്ന ഇരിങ്ങല്‍ മേരാ ഗാവ് ഹേ എന്ന മാസ്റര്‍ പീസിലെ ഒരേട്‌ .... 


Friday, November 11, 2016

ബദരിനാഥ് ക്ഷേത്രം മാനാ വില്ലേജ് ഇന്ത്യയിലെ അവസാനത്തെ ചായക്കട

ഇന്ത്യയുടെയും ടിബറ്റ്‌ / ചൈനയുടെയും അതിര്‍ത്തിയില്‍ നിന്നും 20 കിമീ മാറികിടക്കുന്ന ഒരു ചിന്ന വില്ലേജ് ആണ് മാനാ . .

ചൈന ചൈന ഭായ് ഭായ് മുഖമുള്ള അഞ്ഞൂറോളം പേരാണ് ഇവിടത്തെ സ്ഥിരതാമസക്കാർ. ഇന്തോ ടിബറ്റന്‍ പോലീസുകാരെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കണ്ടത് കൊണ്ട് മധുര മനോജ്ഞ ചൈനീസ് ആര്‍മിയെ പേടിക്കാതെ മാന ഗ്രാമം മൊത്തം ഒരു ചൈനീസ് ആടിനെപോലെ ഞാന്‍ അലഞ്ഞു തിരിഞ്ഞു നടന്നു കണ്ടു!

വേദവ്യാസൻ മഹാഭാരതം രചിച്ചു എന്നു പറയപ്പെടുന്ന വ്യാസഗുഹയിലും ഗണപതി ഗുഹയിലും ടീക്കട നായരുടേതല്ലാത്ത 
ഇന്ത്യയിലെ അവസാനത്തെ ചായക്കടയിലും കാപ്പിക്കടയിലും (എങ്ങനെയാണാവോ അവസാനത്തെ ചായക്കട ആവുന്നത് ) 
കേറി ഇറങ്ങി തെളിവിനായി ഫോട്ടോ പിടിച്ച് , സരസ്വതി നദിയിലെ ജലവും കുപ്പിയിലാക്കി ബദരിനാഥ്‌ ക്ഷേത്രത്തിലേക്കായിരുന്നു അവസാനപാദ യാത്ര..

വാലി ഓഫ്‌ ഫ്ലവേർസ്സും സിഖ്‌ പുണ്യഭൂമിയായ ഹേമകുണ്ഠ്‌ സാഹിബും ക്ഷേത്രത്തിലേക്ക്‌ വരുന്ന വഴിയാണു. 3,133 മീറ്റര്‍ ഉയരത്തിലേക്ക്, അളക നന്ദയുടെ തീരത്തേക്ക് വീണ്ടും ഒരു മാജിക്കല്‍ യാത്ര..

റോഡിന്റെ അവസ്ഥ വളരെ ഭീകരമായിരുന്നു, എന്നാല്‍ അതിലും ഭയാനകമായിരുന്നു താഴ്‌വരകൾ. .
നാരായണ നാരായണ!!


ചതുര്‍ധാമ (ദ്വാരക, പുരി , രാമേശ്വരം ബാക്കി മൂന്ന്) ക്ഷേത്രങ്ങളിലൊന്നാകുന്നു ശ്രീ ബദരിനാഥ് ക്ഷേത്രം. വിഷ്ണു പുരാണത്തിലും സ്കന്ദ പുരാണത്തിലും ഈ ക്ഷേത്രത്തിനെപ്പറ്റി പരാമര്‍ശം ഉണ്ടെന്നു വായിച്ചവര്‍ പറയുന്നു, നിങ്ങളില്‍ ഭാഷാപോഷിണി വായിക്കുന്നവര്‍ക്ക് മാത്രം ഇവിടെ എന്നെ പുച്ചിക്കാം .

ശംഖ ചക്ര ധാരിയും ചതുര്‍ബാഹുവുമായ വിഷ്ണു ഭഗവാന്‍, ലക്ഷ്മി, കുബേര, നാരദ ,ഉദ്ധവ , നര നാരായണന്‍മാര്‍ക്കൊപ്പം വര്‍ഷത്തില്‍ ആറുമാസമോളം എന്നെപ്പോലുള്ളവര്‍ക്കും നിങ്ങളെപ്പോലുള്ളവര്‍ക്കും ദര്‍ശനം നല്‍കും.

ക്ഷേത്രത്തിനു താഴെ തപ്ത കുണ്ഡ് സദാ സമയവും തിളച്ചു കൊണ്ടേയിരിക്കുന്നു, രാവിലെ ദര്‍ശനത്തിനു മുന്നേ ഞാനും എന്നെ ഒന്ന് സ്വയം കുളിപ്പിച്ചു. ഭയങ്കരമായ ചൂടാണ് സാറേ ആ കുളത്തില്‍. ..

വളരെ കളർഫുൾ ആണു ബദരീനാഥ്‌ ക്ഷേത്രം, 
അതിലുപരി ഭാരതത്തിലെ മുഖ്യ ക്ഷേത്രങ്ങളിലൊന്നും. ശ്രീ ശങ്കരാചാര്യർ പുന പ്രതിഷ്ഠ നടത്തിയ ബദരിനാരായണൻ മഞ്ഞു മൂടിയ നര നരായണ പർവ്വതങ്ങൾക്ക്‌ ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്‌. റിഷികേശില്‍ നിന്നും ഏതാണ്ട് മുന്നൂറു കിമീ യാത്ര ചെയ്യേണ്ടി വരും ഇവിടെയെത്താന്‍.

കേരള ക്ഷേത്രങ്ങളുടെ പൂജാ രീതിയാണു താന്ത്രിക ബദരിനാഥിലുള്ളത്‌, വൻതുകക്ക്‌ വഴിപാടുകൾ ചെയ്യുന്നവരെ കുറെ നേരം ശ്രീകോവിലിന്‍റെ മുന്നിൽ ഇരിക്കാൻ സൗകര്യം ചെയ്തു കൊടുക്കുമെങ്കിലും എല്ലാവർക്കും ഒരു പോലെ പ്രാപ്യമാണു ശ്രീ ബദരീനാഥൻ. കറുത്ത നിറത്തിലുള്ള സാളഗ്രാമ ശിലയില്‍ നിര്മിക്കപെട്ടു എന്ന് വിശ്വസിക്കുന്ന ഈ ബിംബത്തിനെപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ട്. 

അതൊക്കെ നിങ്ങള്‍ ഗൂഗിള്‍ ഒന്ന് സര്‍ച്ച് ചെയ്തു നോക്ക് ഭക്തരെ...

റാവൽ ജി എന്ന് വിളിക്കപ്പെടുന്ന പയ്യന്നൂർ സ്വദേശിയായ യുവാവായ ക്ഷേത്ര പൂജാരിയെ അദ്ദേഹത്തിന്റെ വാസസ്ഥലത്ത്‌ പോയി കാണാനും സംസാരിക്കാനും ആ കൈകളില്‍ നിന്നും ഭഗവാനു ചാർത്തിയ ഉത്തരീയം പ്രസാദമായി ലഭിക്കാനും എനിക്കിവിടെ ഭാഗ്യമുണ്ടായി.

അതിനോടൊപ്പം നാൽപ്പതു വർഷമായി ക്ഷേത്രത്തിലുള്ള വടകര പുതുപ്പണം സ്വദേശിയായ ബാലേട്ടനെ പരിചയപ്പെടാനും അദ്ദേഹം മുഖേനെ യാദ്രിശ്ചികമായി അന്നവിടെ എത്തിയ വടകര പുതുപ്പണം കൊക്കഞ്ഞാത്ത് തറവാട്ടിലെ ബേബിയുമായ എന്റെ സ്വന്തം ഇളയമ്മയെയും 
ഇളയച്ചന്‍ ഗോകുലം ഗ്രൂപ്പിന്റെ അച്ചുതണ്ടായ സുഭാഷ് ബാബു എന്ന ബാബുവേട്ടനെയും വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ ഇടയായത് സന്തോഷം.

യമുനോത്രി, ഗംഗോത്രി, കേദാർന്നാഥ്‌ ബദരീനാഥ്‌ ചോട്ടാ ചാർദ്ധാം മുഴുമിച്ചതിനു ശേഷം ഋഷികേശിലേക്കുള്ള മടക്ക യാത്രയിൽ ജോഷിമഠ്‌ വഴി ഔലിയില്‍ ഒന്ന് സ്റ്റോപ്പ്‌ ചെയ്തു.

മഞ്ഞു കാല സ്കീയിങ്ങിനായി പണിത മൂന്നു കിലോ മീറ്റര്‍ നീളമുള്ള റോപ്‌ വേയിൽ 750 രൂഭാ മുടക്കി ഇന്ത്യെയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ നന്ദാദേവി മുതൽ ഒട്ടനവധി ഹിമാലയ ഗിരിനിരകളും വാർദ്ധക്യം തടയുമെന്നും ശങ്കരാചാര്യർ തപസ്സു ചെയ്തിരുന്നുവെന്നും വിശസിക്കപ്പെടുന്ന കൽപ്പതരു എന്ന പുണ്യ വൃക്ഷവും അനേകം ഫോട്ടോ പോയിന്റുകളും ഞാന്‍ വളരെ നൈസായിട്ടു കവർ ചെയ്തു ..

ഋഷികേശ്‌ ഹരിദ്വാർ അംബാല ലുധിയാന വഴി അടുത്തത് ഇനി അമൃത്സറിലേക്ക്








Thursday, November 10, 2016

കേദാര്‍ നാഥ് - ഒരു നമ്പ്യാരുടെ കണ്ണുകളിലൂടെ

കേദാര്‍നാഥ്
(പന്ത്രണ്ടു ജ്യോതിര്‍ ലിംഗങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം)
ഉത്തരകാശിയിൽ നിന്നും കേദാർനാഥിലേക്കുള്ള വഴിയിലാണു തെഹരി ഡാം. കണ്ടാൽ ഇന്തയിലെ ഏറ്റവും ഉയരം കൂടിയ ഡാം (260 മീറ്ററെ) ആണെന്നു തോന്നുകയേ ഇല്ല, കണ്ടത് ഡാം ആണെന്നു തന്നെ മനസിലാക്കാൻ കഷ്ടപ്പെട്ടു. .

ഹൂവർ ഡാമോ (ഹൂവര് - നമ്മള് പടത്തില്‍ മാത്രേ കണ്ടിട്ടുള്ളൂ ഭായ് ) ഇടുക്കി ഡാമോ പോലുള്ള നിർമ്മിതി അല്ല തെഹരി ഡാമിനുള്ളത്‌, മറിച്ച്‌ ഒരു ഭാഗത്ത്‌ തട്ട്‌ തട്ടായി കൃഷി സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരുതരം ചരിവാണുള്ളത്‌.

കാല്‍ കിലോമീറ്റെര്‍സ് ആന്‍ഡ് കിലോ മീറ്റെര്സ് ഉയരം ഉണ്ട് പോലും ഇതിനു. നമ്മടെ ഇടുക്കി ഡാമിന് വെറും 167 മീറ്റര്‍ ഉയരമേ ഉള്ളൂ!!  ഒട്ടു മിക്ക  ഡാമുകളെയും പോലെ ഇതിനകത്തും ഉണ്ട് ജലസമാധിയില്‍ ലയിച്ചിരിക്കുന്ന ഒരു വലിയ പട്ടണവും കുറെ വീടുകളും!!

ഏ.. ആ,,

തെഹരി ഡാമിനു മീതെ വണ്ടി വിട്ടു ദൂരെ ദൂരെ മന്ദാകിനി അളകനന്ദ നദികളുടെ സംഗമ ഭൂമിയായ രുദ്രപ്രയാഗിലെത്തിയപ്പോഴേക്കും പകൽ മാറി രാത്രിയായി.
ഉത്തരാഖണ്ടില്‍ തണുപ്പ്‌ കാരണം ഏ ടി എമ്മുകൾ വരെ രാത്രി എട്ടു മണിയാകുമ്പോഴേക്കും ഷട്ടർ ഇടുമെന്നു അനുഭവത്തിലൂടെ മനസിലായിരുന്നു.

എന്നിട്ടും കേദാര്‍നാഥിലേക്ക് പുലർച്ചെ മൂന്നുമണിക്ക്‌ രുദ്രപ്രയാഗിൽ നിന്നും ജീപ്പിൽ കയറി ഗുപ്തകാശി വഴി സോനപ്രയാഗും അവിടുന്നു ഏഴു മണിയോടെ ഷെയർ ജീപ്പിൽ കാൽനടയാത്ര തുടങ്ങുന്ന ഗൗരീകുണ്ഠിലും എത്തി .

ബയോ മെട്രിക് രജിസ്ട്രേഷന്‍ ഇല്ലാതെ മുകളിലേക്ക് കയറ്റി വിടൂലാ എന്നൊക്ക അവിടെ എഴുതി വച്ചിട്ടുണ്ട്.

കുറച്ച്‌ വർഷങ്ങൾക്ക്‌ മുന്നേ ഉണ്ടായ മേഘ വിസ്ഫോടനത്തിലും പേമാരിയിലും കാൽനടപ്പാതയുടെ പാതിയോളവും അസംഖ്യം മനുഷ്യരും ഒട്ടു മിക്ക കെട്ടിടങ്ങളും ഇല്ലാതായതിനു ശേഷം കേദാർന്നാഥ്‌ തീര്‍ഥാടകര്‍ക്കായി പഴയ പാതയുടെ മറു വശത്ത് മന്ദാകിനീ നദിക്കു സമാന്തരമായി കുറച്ചു വീതിയും നീളവും കൂട്ടി ഒരു പുതിയ പാത നിർമ്മിക്കുകയാണുണ്ടായത്‌.

ഗൗരീകുണ്ഠിൽ നിന്നും ഏകദേശം 18-20 കിമീ ദൂരമാണു കേദാർന്നാഥ്‌ ക്ഷേത്രത്തിലേക്കുള്ളത്‌.  കാൽനടക്കാർക്കും അസംഖ്യം കുതിരപ്പടയാളികള്‍ക്കും പുറമേ  അപൂർവ്വം ചില മഞ്ചൽക്കാരെയും ഷെര്‍പ്പ / നേപ്പാളി ചുമട്ടുകാരുടെ ചുമലിൽ കെട്ടിവച്ച ചൂരൽക്കൂട്ടയിൽ ഇരുന്ന് കയറ്റം കയറുന്ന കുഞ്ഞു കുട്ടികളെയും
ചില വന്ദ്യ വയോധികരെയും ഇടക്കിടക്ക് കാണാന്‍ സാധിക്കും.

ഇതിനെല്ലാം പുറമേ നാലോളം കമ്പനികൾ പരമ ദരിദ്രരായ തീർത്ഥാടകർക്കായി 6000 രൂപക്ക്‌ ഹെലികോപ്റ്ററിൽ റിട്ടേൺ യാത്രയടക്കം ഏർപ്പാടാക്കിക്കൊടുക്കുന്നതാണു ഇവിടത്തെ മറ്റൊരു പ്രധാന സംഭവം.

രാവിലെ ഏഴുമണിക്ക്‌ തുടങ്ങിയ പദയാത്രക്ക്‌ ഉണർവ്വിനായി ആലൂ പോറോട്ടകളും കപ്പലണ്ടിയും മലമുകളില്‍ നിന്നും ഒഴുകി ഒഴുകി വരുന്ന നീരുറവകളിലെ ജലവും, എന്തിനു ലസ്സിയും ചായയും ഡ്രൈ ഫ്രൂട്സും വരെ ഉപകാരപ്പെടും.

ഉയരം കൂടും തോറും ചായക്ക്‌ ടെയിസ്റ്റ് കൂടിയില്ലെങ്കിലും കാശ് കൂടുമെന്ന് എനിക്ക് മനസിലായതിവിറെ വച്ചാണ്, ഇരുപത് ഉറുപ്യ ,  അതും ഒരു കുഞ്ഞു സ്റ്റീല്‍ ഗ്ലാസില്‍ ...
ബാക്കിയെല്ലാ സാധനങ്ങള്‍ക്കും പാകറ്റില്‍ ഉള്ളതിന്റെ ഇരട്ടി വില മാത്രമേ ഉള്ളൂ..
പാവങ്ങള്‍ ..

18 കിമീ യാത്രയിൽ 2000 മീറ്റർ സമുദ്രനിരപ്പിൽ നിന്നും 3600 ഓളം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേദാര്‍ നാഥില്‍ എത്തിച്ചേരാൻ അത്യാവശ്യം ആരോഗ്യം ഉള്ള സാധാരണക്കാർക്ക്‌ വിശ്രമം അടക്കം ഏഴുമണിക്കൂർ ധാരാളം മതിയാകും. അഞ്ചു കിലോമീറ്ററോളം വരുന്ന കഠിനമായ ആദ്യപാദം കഴിഞ്ഞാൽ അതിലും കഠിനമായ രണ്ടാം പാദം ആരംഭിക്കും എന്റെ സുഹൃത്തുക്കളെ ..

ആറു കിമീ വരുന്ന രണ്ടാം പാദം പിന്നിട്ടത്‌ കൊണ്ട്‌ പാതി സമാധാനമായി. മൂന്നാം ഘട്ടത്തിൽ കുറച്ചു സ്ഥലങ്ങളില്‍ കയറ്റം കയറുമ്പോള്‍ കാൽമുട്ടുകൾ മുഖത്തു മുട്ടും എന്നൊരു സ്ഥിതിയായിരുന്നു. നടപ്പാത ഒഴിവാക്കി കുത്തനെയുള്ള ഷോർട്ട്‌ കട്ടുകൾ കയറാമെങ്കിൽ ദൂരം ഗണ്യമായി കുറക്കാം എന്നത്‌ പിന്നീടാണു മനസിലായത്‌.

യാത്ര മുക്കാൽ ഭാഗമായപ്പോളേക്കും ഹെലികോപ്റ്ററിന്റെ പാത നടപ്പാതക്ക്‌ സമാന്തരമായിത്തുടങ്ങി. എന്ന് വച്ചാല്‍ നമ്മള്‍ ഒരു കല്ലെടുത്തെറിഞ്ഞാല്‍ അവര്‍ക്ക് കൊള്ളും .

വളരെപ്പെട്ടന്നാണു  വാനില്ല ഐസ്ക്രീം ബോൺവില്ലെ ചോക്കളേറ്റിൽ
വാരി തേച്ച്‌ വച്ചത്‌ പോലെ മഞ്ഞു പൊതിഞ്ഞ പർവ്വത ശിഖരങ്ങൾ വളരെ അടുത്തായി കണ്ടത്‌.
പത്ത്‌ ഐ മാക്സ്‌ സ്ക്രീനിന്റെ വലിപ്പത്തിൽ ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ സിനിമയിലെ  ബ്ലാക്ക്‌ ഹോളിനടുത്തുള്ള കടൽ സീന്‍ പോലെയാണു എനിക്കാദ്യം ആ കാഴ്ച കണ്ടപ്പോള്‍, തോന്നിയത്‌.


സന്തോഷം കൊണ്ട്‌ കണ്ണു നിറഞ്ഞു പോയ നിമിഷം. ഇത് പോലെത്തെ ഒരു കാഴ്ച്ച ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലാ കണ്ടിട്ടില്ലാ ...
ഹര ഹര മഹാദേവാ ...


പുതിയ പാതയുടെ ഇടത്‌ വശത്ത്‌ പ്രളയത്തിൽ നശിച്ച്‌ പോയ പഴയ പാതയുടെ അവശിഷ്ടങ്ങളും  ഉദരഭാഗം നഷ്ടമായ പർവ്വതങ്ങളും അഗാധതയിൽ ചാരനിറത്തിൽ ഒഴുകുന്ന നദിയും വലതു ഭാഗത്ത്‌ പിരമിഡുകളെപ്പോലുള്ള മലനിരകളും 
കൺ നിരപ്പിനു മുകളിൽ അൾട്രാ വൈറ്റ്‌  എന്നു വിളിക്കാവുന്ന മഞ്ഞുമൂടിയ കേദാർ പർവ്വതവും ഇടക്കിടക്ക്‌ വന്നു പോകുന്ന മൂടൽ മഞ്ഞും ഒരിക്കൽ മഴയോടൊപ്പം ഉതിർന്നു വീണ കുഞ്ഞ്‌ കുഞ്ഞ്‌ ആലിപ്പഴങ്ങളും  പദയാത്ര തീരുവോളം ഒളിച്ചു കളിച്ച സൂര്യരശ്മികളും കൂടി എന്റെ യാത്ര എനിക്ക്‌ മാത്രം മിസ്റ്റിക്കൽ റിയലിസ്റ്റിക്‌ മാജിക്കൽ അനുഭൂതിയാണു സമ്മാനിച്ചത്‌.

രാവിലെ എഴു മണിയോടെ തുടങ്ങിയ കാല്‍നട പ്രചാരണ ജാഥ വൈകീട്ട് നാലുമണിയോടെ  കേദാര്‍ നാഥ് ബെയിസ് ക്യാമ്പില്‍ സമാപിച്ചു.  GMVN ന്റെ വക ഹട്ടിലായിരുന്നു താമസം.  ക്ഷേത്ര പരിസരത്ത് ടെന്റുകളിലോ ഹട്ടുകളിലോ കുറഞ്ഞ നിരക്കിൽ താമസസൗകര്യം കിട്ടുമെന്നത്‌ യാത്രയിലുടനീളം കണ്ട  മേക്ക്ഷിഫ്റ്റ്‌ ടോയ്‌ലറ്റുകളെപ്പോലെ വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്..

കർണ്ണാടകയിലെ പൂജാരിമാരാണു കേദാർന്നാഥിൽ ആരാധന നടത്തുന്നത്‌.

വൈകീട്ട്‌ ഏഴരക്ക്‌ ക്ഷേത്രനടയിൽ മുഖ്യ പൂജാരി അർപ്പിച്ച കർപ്പൂര ആരതി വീണ്ടും ഒരു മിസ്റ്റിക്‌ അനുഭൂതിയാണുണ്ടാക്കിയത്‌. ഇതിന്റെ വീഡിയോ എടുത്തിന്കിലും അങ്ങനെ ഇപ്പോള്‍ പോസ്ടുന്നില്ല..
രാത്രി കാലങ്ങളില്‍ ക്ഷേത്രത്തിനു പുറകിലായി പല അതിശയകരമായ പ്രകാശ രശ്മികള്‍ കാണാന്‍ സാധിക്കും എന്നൊക്കെ വായിച്ചിരുന്നെങ്കിലും ആ തണുപ്പില്‍ ഉറക്കമിളക്കാന്‍ പോയിട്ട് ഒരു മണിക്കൂര്‍ തനിച്ചിരിക്കാന്‍ പോലും എനിക്ക് സാധിച്ചില്ല.

രാവിലെ ഭക്തർക്ക്‌ ശ്രീകോവിലിൽ കടന്നു ബിംബത്തിൽ തൊട്ടാരാധിക്കാനും അഭിഷേകം നടത്താനും അനുവാദമുണ്ട്‌.ഇല്ലീഗല്‍ പൂജാരിമാരെ നൈസായിട്ടു ഒഴിവാക്കാന്‍ പഠിച്ചാല്‍ എത്ര നേരം വേണമെകിലും ഈ സ്വയം ഭൂ ബിംബത്തെ നമുക്ക് സ്വയം പൂജിക്കാം .

മിക്ക ഉത്തരേന്ത്യന്‍ അമ്പലങ്ങളെയും പോലെ ഇവിടെയും ഭക്തര്‍ക്ക് ജീന്‍സോ, കോട്ടോ മുണ്ടോ , ചുരിദാറോ , എന്ത് വേണമെങ്കിലും ധരിച്ച് , ബാഗോ പ്ലാസ്ടിക്കോ മൊബൈലോ , എന്തിനു എന്‍ എസ് പെരുങ്കായം വരുന്ന മഞ്ഞ തുണിസഞ്ചി വരെ അകത്ത് കൊണ്ട് പോകാം. സെക്യൂരിറ്റിക്കാരും തടയൂലാ, പട്ടാളക്കാരും തടയൂലാ.
കണ്ടു പഠിക്കൂ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നീല അങ്കി ധാരികളായ കിങ്കരന്മാരേ !!

പാണ്ഡവര്‍ പ്രതിഷ്ഠ നടത്തി ,  ശ്രീ ശങ്കരാചാര്യര്‍ പൂജാ വിധികളും ചിട്ടപ്പെടുത്തി എന്നും കരുതുന്ന ഈ മഹാ ക്ഷേത്രത്തിനു പുറകിൽ ഭീമശിലയും
ചുറ്റും ഒട്ടേറെ ശൈവസന്യാസിമാരും അതിനു മുകളിൽ കേദാർന്നാഥ്‌ പർവ്വതവുമാണുള്ളത്‌.

കൊടും തണുപ്പായത് കാരണം തലേന്ന് പെയ്ത മഴവെള്ളം വരെ ഐസ് ആയി റോഡില്‍ അലിയാതെ കിടപ്പുണ്ടായിരുന്നു. സോക്സ്‌ പോലും ധരിക്കാതെ ക്ഷേത്ര പ്രദക്ഷിണം ചെയ്തു വന്നപ്പോഴേക്കും ബുദ്ധി പോലെ കാലുകളും അങ്ങ് മരവിച്ചു പോയീ.

കാൽനടയായി കേദാർന്നാഥ്‌ കയറി ഇറങ്ങി ഗുപ്തകാശിയിലെ അതി പുരാതന ശിവക്ഷേത്രവും സന്ദർശ്ശിച്ച്‌ ഇന്ത്യെയിലെ സ്വിറ്റ്സർലാന്റ്‌ ആയ ചോപ്ട വഴി ഇന്ത്യയിലെ ഏറ്റവും ദൂരെ എന്ന് വിശേഷിപ്പിക്കുന്ന ടിബറ്റ്‌ ബോർഡർ ഗ്രാമമായ മാന ആകുന്നു ഈ പാവത്തിന്‍റെ അടുത്ത ലക്‌ഷ്യം.