Tuesday, May 29, 2018


ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ  ഇരിങ്ങല്‍ റയിൽവേ മൈതാനം!



കൃത്യം അഞ്ചുമണിക്ക്‌ ഭജനമഠത്തിലെ നമ്പൂരി ഓൺ ചെയ്യുന്ന ജ്നാനപ്പാന

ഗുരുനാഥൻ തുണചെയ്ക സന്തതം..
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും,
പിരിയാതെയിരിക്കണം നമ്മുടെ...
നരജന്മം സഫലമാക്കീടുവാൻ!!!!


യക്ഷികൾ രാത്രി ഇറങ്ങിവരുമെന്ന് ഏച്ചിമാർ പെടിപ്പിക്കാൻ ദൂരെനിന്ന് കാണിച്ച്‌ തന്നിരുന്ന ആ വലിയ യക്ഷിപ്പന....

യക്ഷിപ്പനയുടെ വടക്ക്‌ ഭാഗത്ത്‌ അതിവിശാലമായി പച്ചപ്പുല്ലും ഇടക്കിടക്ക്‌ മൃദുലമായ മുള്ളുകൾ വളർന്ന് നിൽക്കുന്ന വയിൽച്ചുള്ളികളും ഇടകലര്‍ന്നു നില്‍ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട റെയിൽവേ മൈതാനി...!

നാലരമണിയാകുമ്പോളേക്ക്‌ തന്നെ ഗുമുട്ടി ബാലേട്ടന്റെ പീട്യേന്ന് ഫുട്ബോൾ കളിക്കുന്ന ഏട്ടന്മാർ കാറ്റടിപ്പിച്ച്‌ തട്ടി തട്ടി കൊണ്ടുവരുന്ന, നെക്കിനു ലീക്കുള്ള,  തിരുമ്പുന്ന സോപ്പ്‌ മിക്കവാറും ദിവസങ്ങളിൽ 
നെക്കിൽ കുത്തിക്കേറ്റപ്പെട്ട ആ ഫുട്ബോൾ...




ആറേഴു വയസുള്ള ഞാനുൾപ്പെടെയുള്ള 
ട്രൗസറിട്ട്‌ നടക്കുന്ന കുട്ടികൾ അത്ഭുതം നിറഞ്ഞ കണ്ണുമായി 
ആരാധനയോടെ  കണ്ടുകൊണ്ടിരുന്ന ഇരിങ്ങലിലെ 
ചില ഫുട്ബൊൾ കളിക്കാരിൽ പ്രമുഖരായി വാണിരുന്ന വീരന്മാരില്‍ ചിലരല്ലേ ഇവര്‍....


യക്ഷിപ്പനയേക്കാളും ഉയരത്തിൽ എന്നും 
ബോളടിച്ച്‌ ക്ലിയർ ചെയ്തിരുന്ന കേളപ്പേട്ടൻ

സൈക്കിളിൽ വന്നിറങ്ങി സൈക്കിളോടിക്കുന്ന അതേ സ്റ്റെയിലിൽ 
ഫോർവേർഡായി ഗോളടിക്കുന്നത്‌ ശീലമാക്കിയ 
വള്ളൂക്കുനി ചന്ദ്രേട്ടൻ

വെടിയുണ്ട പോലെ ഫ്രീ കിക്കുകൾ അടിക്കുന്ന 
ഇപ്പോ മിലിട്ടറിയിലുള്ള ഷാജിയേട്ടൻ

വെളുത്ത മുണ്ട്‌ വൃത്തിയായി മടക്കിക്കുത്തി പമ്പരം പോലെ ഡ്രിബിൾ ചെയ്യ്ത്‌ ബാക്കിയുള്ളവരെ വട്ടം കറക്കുന്ന കേ.പി.വിനീതേട്ടൻ

എല്ലാവരും ഷർട്ടിട്ടോ ഷർട്ടൂരിയോ കളിക്കുന്ന കാലത്ത്‌ നീല ജേഴ്സി ഇട്ട്‌ കളരിപ്പടി ഭാഗത്ത്‌ നിന്ന് വരുന്ന ജന്മനാ ഫൗൾ ചെയ്യുന്ന
പൊട്ടൻ എന്ന് വിളിക്കുന്ന പൊട്ടൻ

കോട്ടക്കൽ സൈഡിന്ന് ചുരുണ്ട മുടിയുമായി കളിക്കാനെത്തുന്ന പുയ്യാപ്ല,

ഗോൾഡ്‌ഫ്ലേക്ക്‌ സിഗരറ്റ്‌ വലിച്ച്‌ കഴിഞ്ഞ്‌ കയർചെയിൻ എന്ന സ്വർണ്ണ മാല ഊരി പോവാതെ കുടവയർ കുലുക്കി വല്ലപ്പോഴും ഗ്രൗണ്ടിൽ ഇറങ്ങിക്കളി ച്ചിരുന്ന എന്റെ ഇളയച്ചൻ എളാട്ടേരിക്കാരനായ മോഹനേട്ടൻ ...


അമ്പലത്തിനു മുന്നിൽ ഒരു കാലത്തും വെള്ളം ഒഴുകാത്ത കനാലിന്റെ സൈഡിലിരുന്നു ഈ കളികളെല്ലാം കണ്ടിരുന്ന എഴുപതുകളിലെ കളിക്കാരും, മര സ്ലീപ്പറുകൾ വിരിച്ചിരുന്ന റയിലിന്റെ മുകളിലിരുന്നു കൊണ്ട്‌ രണ്ടിഞ്ച്‌ മെറ്റൽ പീസുകൾ മൈതാനത്തിന്‍റെ സൈഡിലെ ചളി നികത്താൻ എറിഞ്ഞ്‌ തന്നാലായത്‌ ചെയ്തിരുന്ന  കാണികളും ഉള്ള ആ മനോഹര കാലം....



ഉടന്‍ പ്രസിദ്ധീകരിക്കുന്ന ഇരിങ്ങല്‍ മേരാ ഗാവ് ഹേ എന്ന മാസ്റര്‍ പീസിലെ ഒരേട്‌ ....