Friday, November 11, 2016

ബദരിനാഥ് ക്ഷേത്രം മാനാ വില്ലേജ് ഇന്ത്യയിലെ അവസാനത്തെ ചായക്കട

ഇന്ത്യയുടെയും ടിബറ്റ്‌ / ചൈനയുടെയും അതിര്‍ത്തിയില്‍ നിന്നും 20 കിമീ മാറികിടക്കുന്ന ഒരു ചിന്ന വില്ലേജ് ആണ് മാനാ . .

ചൈന ചൈന ഭായ് ഭായ് മുഖമുള്ള അഞ്ഞൂറോളം പേരാണ് ഇവിടത്തെ സ്ഥിരതാമസക്കാർ. ഇന്തോ ടിബറ്റന്‍ പോലീസുകാരെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കണ്ടത് കൊണ്ട് മധുര മനോജ്ഞ ചൈനീസ് ആര്‍മിയെ പേടിക്കാതെ മാന ഗ്രാമം മൊത്തം ഒരു ചൈനീസ് ആടിനെപോലെ ഞാന്‍ അലഞ്ഞു തിരിഞ്ഞു നടന്നു കണ്ടു!

വേദവ്യാസൻ മഹാഭാരതം രചിച്ചു എന്നു പറയപ്പെടുന്ന വ്യാസഗുഹയിലും ഗണപതി ഗുഹയിലും ടീക്കട നായരുടേതല്ലാത്ത 
ഇന്ത്യയിലെ അവസാനത്തെ ചായക്കടയിലും കാപ്പിക്കടയിലും (എങ്ങനെയാണാവോ അവസാനത്തെ ചായക്കട ആവുന്നത് ) 
കേറി ഇറങ്ങി തെളിവിനായി ഫോട്ടോ പിടിച്ച് , സരസ്വതി നദിയിലെ ജലവും കുപ്പിയിലാക്കി ബദരിനാഥ്‌ ക്ഷേത്രത്തിലേക്കായിരുന്നു അവസാനപാദ യാത്ര..

വാലി ഓഫ്‌ ഫ്ലവേർസ്സും സിഖ്‌ പുണ്യഭൂമിയായ ഹേമകുണ്ഠ്‌ സാഹിബും ക്ഷേത്രത്തിലേക്ക്‌ വരുന്ന വഴിയാണു. 3,133 മീറ്റര്‍ ഉയരത്തിലേക്ക്, അളക നന്ദയുടെ തീരത്തേക്ക് വീണ്ടും ഒരു മാജിക്കല്‍ യാത്ര..

റോഡിന്റെ അവസ്ഥ വളരെ ഭീകരമായിരുന്നു, എന്നാല്‍ അതിലും ഭയാനകമായിരുന്നു താഴ്‌വരകൾ. .
നാരായണ നാരായണ!!


ചതുര്‍ധാമ (ദ്വാരക, പുരി , രാമേശ്വരം ബാക്കി മൂന്ന്) ക്ഷേത്രങ്ങളിലൊന്നാകുന്നു ശ്രീ ബദരിനാഥ് ക്ഷേത്രം. വിഷ്ണു പുരാണത്തിലും സ്കന്ദ പുരാണത്തിലും ഈ ക്ഷേത്രത്തിനെപ്പറ്റി പരാമര്‍ശം ഉണ്ടെന്നു വായിച്ചവര്‍ പറയുന്നു, നിങ്ങളില്‍ ഭാഷാപോഷിണി വായിക്കുന്നവര്‍ക്ക് മാത്രം ഇവിടെ എന്നെ പുച്ചിക്കാം .

ശംഖ ചക്ര ധാരിയും ചതുര്‍ബാഹുവുമായ വിഷ്ണു ഭഗവാന്‍, ലക്ഷ്മി, കുബേര, നാരദ ,ഉദ്ധവ , നര നാരായണന്‍മാര്‍ക്കൊപ്പം വര്‍ഷത്തില്‍ ആറുമാസമോളം എന്നെപ്പോലുള്ളവര്‍ക്കും നിങ്ങളെപ്പോലുള്ളവര്‍ക്കും ദര്‍ശനം നല്‍കും.

ക്ഷേത്രത്തിനു താഴെ തപ്ത കുണ്ഡ് സദാ സമയവും തിളച്ചു കൊണ്ടേയിരിക്കുന്നു, രാവിലെ ദര്‍ശനത്തിനു മുന്നേ ഞാനും എന്നെ ഒന്ന് സ്വയം കുളിപ്പിച്ചു. ഭയങ്കരമായ ചൂടാണ് സാറേ ആ കുളത്തില്‍. ..

വളരെ കളർഫുൾ ആണു ബദരീനാഥ്‌ ക്ഷേത്രം, 
അതിലുപരി ഭാരതത്തിലെ മുഖ്യ ക്ഷേത്രങ്ങളിലൊന്നും. ശ്രീ ശങ്കരാചാര്യർ പുന പ്രതിഷ്ഠ നടത്തിയ ബദരിനാരായണൻ മഞ്ഞു മൂടിയ നര നരായണ പർവ്വതങ്ങൾക്ക്‌ ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്‌. റിഷികേശില്‍ നിന്നും ഏതാണ്ട് മുന്നൂറു കിമീ യാത്ര ചെയ്യേണ്ടി വരും ഇവിടെയെത്താന്‍.

കേരള ക്ഷേത്രങ്ങളുടെ പൂജാ രീതിയാണു താന്ത്രിക ബദരിനാഥിലുള്ളത്‌, വൻതുകക്ക്‌ വഴിപാടുകൾ ചെയ്യുന്നവരെ കുറെ നേരം ശ്രീകോവിലിന്‍റെ മുന്നിൽ ഇരിക്കാൻ സൗകര്യം ചെയ്തു കൊടുക്കുമെങ്കിലും എല്ലാവർക്കും ഒരു പോലെ പ്രാപ്യമാണു ശ്രീ ബദരീനാഥൻ. കറുത്ത നിറത്തിലുള്ള സാളഗ്രാമ ശിലയില്‍ നിര്മിക്കപെട്ടു എന്ന് വിശ്വസിക്കുന്ന ഈ ബിംബത്തിനെപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ട്. 

അതൊക്കെ നിങ്ങള്‍ ഗൂഗിള്‍ ഒന്ന് സര്‍ച്ച് ചെയ്തു നോക്ക് ഭക്തരെ...

റാവൽ ജി എന്ന് വിളിക്കപ്പെടുന്ന പയ്യന്നൂർ സ്വദേശിയായ യുവാവായ ക്ഷേത്ര പൂജാരിയെ അദ്ദേഹത്തിന്റെ വാസസ്ഥലത്ത്‌ പോയി കാണാനും സംസാരിക്കാനും ആ കൈകളില്‍ നിന്നും ഭഗവാനു ചാർത്തിയ ഉത്തരീയം പ്രസാദമായി ലഭിക്കാനും എനിക്കിവിടെ ഭാഗ്യമുണ്ടായി.

അതിനോടൊപ്പം നാൽപ്പതു വർഷമായി ക്ഷേത്രത്തിലുള്ള വടകര പുതുപ്പണം സ്വദേശിയായ ബാലേട്ടനെ പരിചയപ്പെടാനും അദ്ദേഹം മുഖേനെ യാദ്രിശ്ചികമായി അന്നവിടെ എത്തിയ വടകര പുതുപ്പണം കൊക്കഞ്ഞാത്ത് തറവാട്ടിലെ ബേബിയുമായ എന്റെ സ്വന്തം ഇളയമ്മയെയും 
ഇളയച്ചന്‍ ഗോകുലം ഗ്രൂപ്പിന്റെ അച്ചുതണ്ടായ സുഭാഷ് ബാബു എന്ന ബാബുവേട്ടനെയും വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ ഇടയായത് സന്തോഷം.

യമുനോത്രി, ഗംഗോത്രി, കേദാർന്നാഥ്‌ ബദരീനാഥ്‌ ചോട്ടാ ചാർദ്ധാം മുഴുമിച്ചതിനു ശേഷം ഋഷികേശിലേക്കുള്ള മടക്ക യാത്രയിൽ ജോഷിമഠ്‌ വഴി ഔലിയില്‍ ഒന്ന് സ്റ്റോപ്പ്‌ ചെയ്തു.

മഞ്ഞു കാല സ്കീയിങ്ങിനായി പണിത മൂന്നു കിലോ മീറ്റര്‍ നീളമുള്ള റോപ്‌ വേയിൽ 750 രൂഭാ മുടക്കി ഇന്ത്യെയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ നന്ദാദേവി മുതൽ ഒട്ടനവധി ഹിമാലയ ഗിരിനിരകളും വാർദ്ധക്യം തടയുമെന്നും ശങ്കരാചാര്യർ തപസ്സു ചെയ്തിരുന്നുവെന്നും വിശസിക്കപ്പെടുന്ന കൽപ്പതരു എന്ന പുണ്യ വൃക്ഷവും അനേകം ഫോട്ടോ പോയിന്റുകളും ഞാന്‍ വളരെ നൈസായിട്ടു കവർ ചെയ്തു ..

ഋഷികേശ്‌ ഹരിദ്വാർ അംബാല ലുധിയാന വഴി അടുത്തത് ഇനി അമൃത്സറിലേക്ക്








3 comments:

Anonymous said...

വളരെ മനോഹരമാണീ ഭാഷ. ഫേസ്ബുക്കിന്റെ ഈ കാലത്ത്‌ ബ്ലോഗിംഗ്‌ ഉണ്ടെന്നറിയുന്നത്‌ തന്നെ സന്തോഷം. തുടർന്നും എഴുതുമല്ലോ,

Unknown said...

എനിക്കും 2012ൽ ബദരീനാരായണനെ കൺകുളിർക്കെ കണ്ട് തൊഴാൻ ഭാഗ്യം സിദ്ധിച്ചു. നമ്മുടെ സംസ്കാരം പൈതൃകം
തികച്ചും അനിർവചനീയം.
സാധിക്കുന്നവർ ചതുർധാമങ്ങൾ തീർച്ചയായും
പോയിരിക്കണം

Unknown said...

നാട്ടിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ഹരിദ്വാർ ആശ്രമമായിരുന്നു ലക്ഷ്യം പക്ഷെ അവിടെ എത്തിയതിന് പിറ്റേ ദിവസം ബദരിനാഥിലേക്ക് പോകാൻ ഒരു കാർ റെഡിയായിട്ടുണ്ടെന്ന് അറിഞ്ഞു .ഭഗവാൻ കൊണ്ടുവന്ന ആ സൗഭാഗ്യത്തെ തള്ളിക്കളയാൻ തോന്നിയില്ല...
പിറ്റേന്ന് വെളുപ്പിന് 3.30 പുറപ്പെട്ടു വൈകീട്ട് 6.30 ബദരീനാഥിൽ എത്തിച്ചേർന്നു.. പോയ വഴികളെ കുറിച്ച് വർണ്ണിക്കുക അസാധ്യം തന്നെ.. എന്തായാലും ബദരിനാഥിൽ എത്തി അര മണിക്കൂറിനുള്ളിൽ മഞ്ഞ് പൊഴിയാൻ തുടങ്ങി നവംബർ മാസം തുടങ്ങിയിരുന്നു.. ആളുകൾ ഒഴിഞ്ഞു പോകാൻ തയ്യാറായി തുടങ്ങിയിരുന്നു... ജീവിതത്തിൽ മറക്കാൻ പറ്റാത്ത സുവർണ്ണനിമിഷങ്ങൾ... നാരായണ... നാരായണ..